അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യ ഉയർത്തിക്കാട്ടും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ
അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്‌ത വിദേശകാര്യ സഹമന്ത്രി അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ബന്ധങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച മന്ത്രി സാംസ്കാരികം, പൈതൃകം, ഭാഷ, പരമ്പരാഗതമായ രീതികളിലെ ഇന്ത്യ അറബ് ബന്ധവും, വാണീജ്യ പരമായും, ഇരുരാജ്യങ്ങളിലെ ആളുകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവുമൊക്കെ പരസ്പരം ഊഷ്മളമായതാണെന്നും മന്ത്രി വ്യക്തമാക്കി.
വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാരം വർധിച്ചിട്ടുണ്ട്. നിലവിൽ 240 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ വ്യാപാരം നടക്കുന്നുണ്ടെന്നും, ഇന്ത്യ-അറബ് വ്യാപാര ബന്ധങ്ങൾ എടുത്തുകാട്ടി മന്ത്രി വെളിപ്പെടുത്തി. ഇന്ത്യയുടെ ഊർജത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അറബ് ലോകത്തിന്റെ കാര്യമായ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 60 ശതമാനവും അതിന്റെ രാസവളത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യയ്ക്ക് നൽകുന്നത് അറബ് ലോകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷണം, ഊർജം, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകൾ, വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധങ്ങളേയും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്പര നിക്ഷേപങ്ങൾക്കായി സഹകരിക്കുകയും, ഉഭയകക്ഷി സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. “സംരംഭകത്വം, ശാസ്ത്ര-സാങ്കേതിക സഹകരണം, പരിസ്ഥിതി സംരക്ഷണം, ഭക്ഷണം, ഊർജ്ജ സുരക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് പരസ്പരം സാമ്പത്തിക ഇടപെടലിന് പുതിയ ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള കൂടുതൽ സഹകരണത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനുള്ള ധാരാളം അവസരങ്ങൾ സമ്മേളനത്തിൽ സംസാരിച്ച ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ ചെയർമാനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് വ്യക്തമാക്കി.
പരസ്പര വിശ്വാസത്തിലും , സഹകരണത്തിലും അധിഷ്‌ഠിതമായി അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ അനന്തമായ സാധ്യതകൾ ഇരു രാജ്യവും പ്രയോജനപ്പെടുത്തുന്നത് സന്തോഷകരമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
ഇരു മേഖലകളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുകയാണ്. അറിവ് പങ്കുവയ്ക്കുന്നതിനുള്ള അന്തരീക്ഷം വളർത്തുക, മുൻഗണനാ മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പാക്കൽ, ത്വരിതപ്പെടുത്തുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.