നരബലി കേസ് ; കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍

 നരബലി കേസ് ; കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കി. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായാണ് ഹര്‍ജി. കസ്റ്റഡി നിയമവിരുദ്ധവും അനുചിതവുമാണെന്നും പ്രതികളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നതുള്‍പ്പടെ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് രൂക്ഷമായ വിമര്‍ശനമാണുള്ളത്.

മികച്ച കുടുംബ പശ്ചാത്തലമുള്ള പ്രതികളുടെ അന്തസിനു കളങ്കം വരുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. അന്വേഷണ ഘട്ടത്തിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പൊലീസിന് അവകാശമില്ലെന്ന് തുടങ്ങിയവയാണ് പ്രതിഭാഗത്തിന്റെ വാദങ്ങള്‍. പ്രതികള്‍ക്ക് എല്ലാ ദിവസവും അഭിഭാഷകരെ കാണുന്നതിന് അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. മൊഴികളെന്ന രീതിയില്‍ വരുന്ന കഥകള്‍ സെന്‍സേഷനലാക്കാന്‍ വളച്ചൊടിക്കുന്നതായും പ്രതിഭാഗം പറയുന്നു. കഴിഞ്ഞ പതിമൂന്നിനാണ് പ്രതികളെ പന്ത്രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്.

Ananthu Santhosh

https://newscom.live/