ഐഎഫ്എഫ്കെ ; രണ്ടാം ദിനത്തിൽ മാറ്റ് കൂട്ടാൻ ‘ചെല്ലോ ഷോ’യും ‘അറിയിപ്പും’

 ഐഎഫ്എഫ്കെ ; രണ്ടാം ദിനത്തിൽ മാറ്റ് കൂട്ടാൻ ‘ചെല്ലോ ഷോ’യും ‘അറിയിപ്പും’

27-ാമത് ഐഎഫ്എഫ്കെയുടെ ലഹരിയിലാണ് തലസ്ഥാന ന​ഗരി. കഴിഞ്ഞ ദിവസം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി പേരാണ് താലസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ എത്തിച്ചേരുന്നത്. മികച്ച സിനിമാ അനുഭവമാണ് ഉദ്ഘാടന ദിനം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഡെലി​ഗേറ്റുകൾ ഒരേസ്വ​രത്തിൽ പറയുന്നത്. ‘ടോറി ആന്‍റ് ലോകിത’യും ‘റിമൈൻസ് ഓഫ് ദി വിന്റു’ മൊക്കെയാണ് സിനിമാസ്വാദകരുടെ ഉദ്ഘാടന ദിനത്തെ പ്രിയ ചിത്രങ്ങൾ.

ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് മലയാളത്തിൽ നിന്നും മത്സര വിഭാ​ഗത്തിൽ എത്തുന്ന അറിയിപ്പ് ആണ് ഹൈലൈറ്റുകളിൽ ഒന്ന്. കൊവിഡാനന്തര കാലത്ത് ദില്ലിയിൽ താമസിക്കുന്ന ദമ്പതികളുടെ കഥപറയുന്ന ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ ഓസ്‍കര്‍ പ്രതീക്ഷയായ ‘ചെല്ലോ ഷോ’യും ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്. ഒരു ദശാബ്ദം മുൻപുള്ള സൗരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലാണ് അവസാനത്തെ ഷോ എന്നർത്ഥമുള്ള ‘ചെല്ലോ ഷോ’യുടെ കഥ നടക്കുന്നത്. സമയ് എന്ന ഒൻപത് വയസുകാരന്റെ സിനിമയോടുള്ള കൗതുകവും അവനു നാട്ടിലെ ഒരു സിനിമാ തീയറ്ററിലെ പ്രോജക്റ്റർ ഓപ്പറേറ്ററുമായുള്ള ബന്ധവും ഒക്കെയാണ് ഒരടരിൽ സിനിമയുടെ കഥ. സ്പെയിനിലെ ജയിൽ നിയമങ്ങൾ തിരുത്തിച്ച കാലാപത്തിന്റെ കഥ പറയുന്ന ‘പ്രിസൺ 77‘ഉം ഇന്ന് സ്ക്രീനുകളിൽ തെളിയും. ‍കൂടാതെ മറ്റ് നിരവധി ചിത്രങ്ങളും സിനിമാസ്വാദകരെ കാത്തിരിക്കുന്നു.