ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹർത്താൽ
അരിക്കൊമ്പനം പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം.
അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം