ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോട്ടയം അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ ദമ്പതികളായ സുനിൽ, ഭാര്യ മഞ്ജുള എന്നിവരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അമ്മ മഞ്ജുളയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന രീതിയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
മഞ്ജുളയെ കൊലപ്പെടുത്തിയ ശേഷം സുനിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. പക്ഷേ, എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് ഇതുവരെയും പൊലീസിന് വ്യക്തത വന്നിട്ടില്ല. മഞ്ജുളയുടെ ശരീരത്തിനടുത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികളൊക്കെ തന്നെ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അസ്വാഭാവികമായ ശബ്ദമോ ദുരൂഹ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചതോ ആയിട്ടുള്ള വിവരങ്ങളൊന്നും അയൽക്കാരുടെ ഇടയിൽ നിന്നും ഉണ്ടായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സമാധാനപൂർവ്വം കഴിയുന്ന ഒരു കുടുംബമാണെന്ന മൊഴിയാണ് നാട്ടുകാർ നൽകിയിട്ടുള്ളത്.