പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം കേൾക്കും. വിശദീകരണത്തിന് സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമില്ല. മുൻകൂട്ടി അനുമതി തേടിയാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത് എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് പ്രാഥമിക വാദം കേട്ട ശേഷം കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.
കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണർ നിർദേശിച്ചിരുന്നു.
എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. ഉത്തരവിറക്കാൻ വൈസ് ചാൻസലർ തയ്യാറാകാത്തതിനെ തുടർന്നാണ് രാജ്ഭവൻ ഉത്തരവിറക്കിയത്.