അറിയാം ഞാവലിന്റെ ഗുണങ്ങൾ

 അറിയാം ഞാവലിന്റെ ഗുണങ്ങൾ

ഞാവൽ പഴത്തിന്റെ ഓർമയില്ലാത്ത ഒരു ബാല്യകാലം നമ്മളിൽ പലർക്കും ഉണ്ടാകില്ല.ആ ഞാവലിന്റെ ഗുണങ്ങൾ ഇന്ന് നമുക്ക് പരിചയപ്പെടാം.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഞാവൽ പഴങ്ങൾ ഉണ്ടാകുന്നത്. ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്‌ക്കെല്ലാം അസാധ്യ സ്വാദും ഉള്ളവയാണ്, കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം. ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്ന വിശ്വാസവുമുണ്ട്. വായ്‌നാറ്റം ഇല്ലാതാക്കാനായി ഞാവൽ പഴം കഴിക്കാവുന്നതാണ്.ഞാവലിന്റെ ഇളംകമ്പ് പണ്ട് പല്ല് വൃത്തിയാക്കാനായി ഉപയോഗിച്ചിരുന്നു. അധികം നനവ് പിടിക്കാത്തതും ചിതലരിക്കാത്തതുമാണ് ഇതിന്റെ തടി. ഈ തടി ഗിത്താർ ഉണ്ടാക്കാനായി ഉപയോഗിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. ഈ കുരുവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്സാണ് ഇതിനു സഹായിക്കുന്നത്. രാവിലെ വെറും വയറ്റിൽ ഞാവൽ പഴം കഴിച്ചാൽ വായുക്ഷോഭം മാറും. കൂടാതെ വയറുകടി, വിളർച്ച എന്നിവയ്ക്കും പരിഹാരമാണ്. വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മ‍ർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു.സൗന്ദര്യ സംരക്ഷണത്തിനായും ഞാവൽ പഴം ഉപയോഗിക്കാം. ഇത് അരച്ച് മുഖത്ത് തേച്ചാൽ ചുളിവുകൾ മാറുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യും. കൂടാതെ കണ്ണിനു ചുറ്റും തേച്ചാൽ കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നു.

Keerthi