പ്രമേഹം പിടിപെടുന്നത് തടയാം; ഈ മാർഗ്ഗത്തിലൂടെ!
പ്രമേഹം വന്നുകഴിഞ്ഞാല്‍ ഭൂരിഭാഗം കേസിലും അത് പിന്നീട് ഭേദപ്പെടുത്താൻ സാധിക്കില്ല. നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്ന വഴി മാത്രമേ മുന്നിലുണ്ടാകൂ. അതുകൊണ്ട് തന്നെ പ്രമേഹം പിടിപെടാതിരിക്കാൻ നേരത്തെ ശ്രദ്ധിക്കുന്നത് ഉചിതമാണ്.ഇത്തരത്തില്‍ പ്രമേഹത്തിലെത്താതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നതിന് കാര്‍ബോഹൈഡ്രേറ്റ് വലിയ രീതിയില്‍ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് ആദ്യം മുതലേ നിയന്ത്രിക്കുന്നതാണ് നല്ലത്. നമ്മള്‍ നിത്യവും കഴിക്കുന്ന ചോറ്, ഗോതമ്പ് ഭക്ഷണങ്ങള്‍ എന്നിവയടക്കം പല ഭക്ഷണങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അടങ്ങിയിരിക്കുന്നു.
മൈദ, പഞ്ചസാര, സെറില്‍, ശര്‍ക്കര, ചില പഴങ്ങള്‍ എന്നിങ്ങനെ കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ നിരവധിയാണ്. ഇവയെല്ലാം തന്നെ തിരിച്ചറിഞ്ഞ് ദിവസവും നിയന്ത്രണവിധേയമായി കഴിക്കാൻ സാധിക്കണം. പഞ്ചസാര, തേൻ, ശര്‍ക്കര എന്നിവയെല്ലാം നല്ലതോതില്‍ കുറയ്ക്കുക. ഒരു ദിവസത്തില്‍ തന്നെ ധാരാളം ഫ്രൂട്ട്സ് കഴിക്കുന്നതും ഒഴിവാക്കുക. നിങ്ങള്‍ കായികമായി എത്ര അധ്വാനിക്കുന്നുണ്ട് എന്നതുകൂടി ഇക്കാര്യങ്ങളില്‍ പരിഗണിക്കണം.
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസും പ്രമേഹത്തിലേക്ക് ക്രമേണ ഒരു വ്യക്തിയെ നയിക്കാം. സ്ട്രെസ് ഉണ്ടാകുമ്പോള്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കോശങ്ങളെ കൂടുതല്‍ ഗ്ലൂക്കോസ് പുറത്തുവിടുന്നതിലേക്ക് നയിക്കുന്നു. സ്ട്രെസ് കൈകാര്യം ചെയ്യുന്നതിനാണിത്. എന്നാലിത് മൂലം രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടുകയും പാൻക്രിയാസ് കൂടതല്‍ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് സ്ട്രെസ് ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുന്നത്.
ഉറക്കമില്ലായ്മയും പ്രമേഹത്തിന് കാരണമാകാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ദിവസവും അഞ്ച് മണിക്കൂറോ അതിന് താഴെയോ ഉറങ്ങുന്നവരിലാണെങ്കില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 7-8 മണിക്കൂര്‍ വരെ മുതിര്‍ന്ന ഒരാള്‍ ഉറങ്ങേണ്ടതുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉറക്കമില്ലായ്മ വിശപ്പ് വര്‍ധിപ്പിക്കുയും ഇതുവഴി വണ്ണം കൂട്ടുകയും ചെയ്യാം. സ്ട്രെസും അധികരിക്കാം. ഇവയെല്ലാം പ്രമേഹത്തിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നു. അതിനാല്‍ ദിവസവും ആരോഗ്യകരമായി ഉറങ്ങാൻ ശ്രദ്ധിക്കുക.