ഭക്ഷ്യവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ടവ
ഒരു കാലത്ത് എല്ലാവർക്കും ഭക്ഷ്യലഭ്യത ഉറപ്പാക്കുക എന്നത് തന്നെ ഏറെ ശ്രമകരമായിരുന്നെങ്കിൽ ഇന്ന് ‘സുരക്ഷിത ഭക്ഷണ’ത്തിൻ്റെ ലഭ്യത ഉറപ്പാക്കുക എന്നതായിരിക്കുന്നു ഏറ്റവും വലിയ വെല്ലുവിളി. ലോകമാകമാനം, പത്തിൽ ഒരാൾക്കെങ്കിലും ഭക്ഷണത്തിൽ നിന്ന് ഓരോ വർഷവും രോഗങ്ങൾ ഉണ്ടാകുകയും, നാല് ലക്ഷത്തിൽപരം ആളുകൾ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.മാറുന്ന ജോലി സാഹചര്യങ്ങൾ , ജീവിത രീതി, എന്നിവ കൊണ്ടുതന്നെ, ഭക്ഷണവും ഭക്ഷണസാമഗ്രികളും വാങ്ങുന്നതും സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും പുനരുപയോഗിക്കുന്നതിലും എല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. കൃഷിയിടത്തിൽ നിന്ന് തീൻ മേശപ്പുറത്ത് എത്തുന്ന ഇതിലെ ഓരോ ഘട്ടത്തിലും ഭക്ഷണം സുരക്ഷിതമല്ലാതാവാതിരിക്കാൻ ഉള്ള സാധ്യതകളുണ്ട്.
ഭക്ഷ്യ വ്യവസായത്തിൻ്റെ ആഗോള മാർക്കറ്റിംഗ്, കാലാവസ്ഥാ വ്യതിയാനം എന്നിവയും ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി തീർക്കുന്നു.ഭക്ഷ്യ വിഷബാധയുടെയും, അതുമൂലം ഗുരുതരാവസ്ഥയിലും മരണം വരെ സംഭവിക്കുന്നതുമായ ധാരാളം റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ നാം ദിനം പ്രതി കാണുന്നു.ഭക്ഷ്യവിഷബാധകൾ സാധാരണയായി ഉണ്ടാക്കുന്നത് പല തരം വൈറസുകളും ബാക്ടീരിയകളും, പാരസൈറ്റുകളും, ഫംഗസുകളുമാണ്.വീട്ടിലോ, ഭക്ഷണ ശാലകളിലോ ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിളമ്പുന്നതിലുമൊക്കെ ശ്രദ്ധിക്കേണ്ട ചില പ്രാഥമിക മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് പലപ്പോഴും ഭക്ഷ്യ വിഷബാധകൾക്കുള്ള കാരണം.