ഹത്രാസ് ബലാത്സംഗക്കേസ്: 3 പേരെ വെറുതെവിട്ടു

 ഹത്രാസ് ബലാത്സംഗക്കേസ്: 3 പേരെ വെറുതെവിട്ടു

ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ നാല് പ്രതികളിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികളിലൊരാളായ സന്ദീപിന് ജീവപര്യന്തത്തോടൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 900 ദിവസത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്. കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു.

2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗർഹിയിൽ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. അതേ ഗ്രാമത്തിലെ നാല് ഉയർന്ന ജാതിക്കാരായ താക്കൂർമാരാണ് കേസിലെ പ്രതികൾ. ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ആം ദിവസമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.