നാളെ ഗ്രാൻഡ് മോസ്ക് കാണാൻ അവസരം
ബഹ്റൈനിലെ ചരിത്രസ്മാരകമായ ഗ്രാൻഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയർ അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ സന്ദർശിക്കാൻ ഞായറാഴ്ച അവസരം. ഏഴായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മോസ്ക് ബഹ്റൈനിലെ ഏറ്റവും വലുതും ലോകത്തെ വലിയ മോസ്കുകളിലൊന്നുമാണ്. മോസ്കിന്റെ മകുടം നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ ഗ്ലാസ് മകുടമാണിത്. 1987ൽ ബഹ്റൈൻ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് മോസ്ക് നിർമിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് ഓപൺ ഹൗസ്. പള്ളിയുടെ ഉള്ളിൽ കയറുന്നതിനും ഇസ്ലാമിക സംസ്കാരം അടുത്തറിയുന്നതിനും മുസ്ലിംകൾ അല്ലാത്തവർക്കും അവസരമുണ്ട്.