ഗ്രേസ് മാർക്കിൽ നിയന്ത്രണം വരുന്നു
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഗ്രേസ് മാർക്ക് കർശനമായി നിയന്ത്രിക്കുന്നു. ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ 240 മാർക്ക് വരെ പരമാവധി ഗ്രേസ് മാർക്ക് നേടാൻ അവസരമുണ്ടെങ്കിൽ ഇനിയത് 30 മാർക്കിൽ പരിമിതപ്പെടുത്താനാണ് ധാരണ. എസ്.എസ്.എൽ.സിയിലും ഹയർസെക്കൻഡറിയിലും ഒരേ മാനദണ്ഡത്തിലായിരിക്കും ഗ്രേസ് മാർക്ക് അനുവദിക്കുക.
അന്താരാഷ്ട്രതലത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിക്കാണ് ഹയർസെക്കൻഡറിയിൽ 240 ഗ്രേസ് മാർക്കിന് വരെ അർഹതയുണ്ടായിരുന്നത്. അതാണ് 30 മാർക്കിലേക്ക് ചുരുക്കുന്നത്. സംസ്ഥാന, ദേശീയ തല മത്സരങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കിലും കുറവ് വരുത്തും. സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം/ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്ക് വരെ നൽകാനാണ് ധാരണ. രണ്ടാം സ്ഥാനം/ ബി ഗ്രേഡിന് 15ഉം സി ഗ്രേഡിന് പത്തും മാർക്ക് നൽകാനാണ് ധാരണ. ദേശീയ തല മത്സരത്തിൽ വിജയികളാകുന്നവർക്ക് 25 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിച്ചേക്കും.
ഒന്നിൽ കൂടുതൽ ഇനങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിൽ പരമാവധി മാർക്ക് നിയന്ത്രിക്കും. എ പ്ലസ് നേട്ടം വരെയുള്ളവക്കായിരിക്കും അനുവദിക്കുക. അതിന് മുകളിൽ ഗ്രേസ് മാർക്ക് അനുവദിക്കില്ല. നിലവിൽ പരീക്ഷയിൽതന്നെ എ പ്ലസ് ലഭിച്ചവർക്ക് ഗ്രേസ് മാർക്ക് അധികമായി നൽകില്ല. മാർക്ക് നൽകുന്നതിനു പുറമെ, അതേ നേട്ടത്തിന് വിദ്യാർഥി പ്രവേശനത്തിൽ ഉൾപ്പെടെ മറ്റൊരു ആനുകൂല്യം അനുവദിക്കുന്നതും ഒഴിവാക്കിയേക്കും. ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടത്. കോവിഡിനെ തുടർന്ന് 2021, 2022 വർഷങ്ങളിൽ കലാകായികോത്സവങ്ങൾ മുടങ്ങിയതിനാൽ ഗ്രേസ് മാർക്കില്ലായിരുന്നു. ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങൾ പുതുക്കാൻ തീരുമാനിക്കുകയായിരുന്നു.