ഗവർണ്ണർ സംഘപരിവാറുടെ ചട്ടുകമാകുന്നു ; മുഖ്യമന്ത്രി
വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ പദവി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സർക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പത് സർവകലാശാല വി.സിമാരോട് രാജി തേടിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാൻ പാലക്കാട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.