പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ

 പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ

ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു.

ഉയർന്ന പോഷകമൂല്യവും ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിനുകളും വെള്ളവും കാരണം നമ്മുടെ ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തടയാൻ ഓറഞ്ച് സഹായിക്കും. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ് ഓറഞ്ച്. ഇവ രണ്ടും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു.

പോഷകഗുണമുള്ളതും രുചികരവുമാണ് ആപ്പിൾ. ഈ പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ക്യാൻസർ, പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആന്റി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ, ആപ്പിളിനെ ഗർഭകാലത്ത് കഴിക്കാൻ ഏറ്റവും നല്ല പഴമായി കണക്കാക്കുന്നു. കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മ സംരക്ഷണത്തിനും ആപ്പിൾ ​ഗുണം ചെയ്യും. ആപ്പിളിന്റെ തൊലിയിലെ പോളിഫെനോളുകൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.

നാരുകളുടെ നല്ല ഉറവിടമായതിനാൽ ശരീരഭാരം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മാതളനാരങ്ങ സഹായിക്കും. പോളിഫിനോളിക് സംയുക്തങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ, സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമാകുന്ന ഹൃദയ സൗഹൃദ പഴങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പ്രത്യേകിച്ച് വായിലെ ഹാനികരമായ ഫംഗസ്, ബാക്ടീരിയ, യീസ്റ്റ് എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.