സൗ​ജ​ന്യ ബ​സ് സ​ര്‍വി​സ്

 സൗ​ജ​ന്യ ബ​സ് സ​ര്‍വി​സ്

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനെത്തുന്ന കാണികള്‍ക്കായി സൗജന്യ ബസ് സര്‍വിസ് ഒരുക്കിയിരിക്കുകയാണ് അബുദാബി സംയോജിത ഗതാഗതകേന്ദ്രം. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബുദാബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

25 മുതല്‍ 30 മിനിറ്റ് വരെ ഇടവിട്ട് ബസ് സര്‍വിസുകളുണ്ടാവും. അബൂദബി പ്രധാന ബസ് സ്‌റ്റേഷനില്‍നിന്നു തുടങ്ങി റബ്ദാനിലെ കോ ഓപറേറ്റിവ് സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റിലേക്കും അവിടെനിന്ന് ബനിയാസ് കോര്‍ട്ട് പാര്‍ക്കിങ് ലോട്ടില്‍ നിന്നു തുടങ്ങി അല്‍ വത്ബയിലെ ഫെസ്റ്റിവല്‍ വേദിയിലേക്കുമാണ് ബസ് എത്തിച്ചേരുക. ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് തിരിച്ചുള്ള സര്‍വിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി വരെ 30 മിനിറ്റ് ഇടവിട്ട് നടത്തും. മറ്റു ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി 9.30വരെയാവും സര്‍വിസുകള്‍. ബസ് സര്‍വിസുകളുടെ സമയക്രമം അറിയാന്‍ സംയോജിത ഗതാഗതകേന്ദ്രത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം.