ആഴ്ചയിൽ നാല് ദിവസം ജോലി; ജീവനക്കാരെ ഹാപ്പിയാക്കി 100 കമ്പനികൾ
ലോകത്തിന്റെ പല ഭാഗത്തും ഇപ്പോൾ ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്ന സാഹചര്യം വന്നിട്ടുണ്ട്. പല കമ്പനികളും ഇത് നടപ്പിലാക്കുന്നുമുണ്ട്. യുകെ -യിൽ നൂറ് കമ്പനികൾ തങ്ങളുടെ ജോലിക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇങ്ങനെ നാല് ദിവസം മാത്രം ജോലി ചെയ്താൽ ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നാണോ ചിന്തിക്കുന്നത്. ശമ്പളത്തിൽ യാതൊരു കുറവുമില്ലാതെയാണ് ആ നാലുദിനം മാത്രം പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്.
മൊത്തത്തിൽ യുകെ -യിൽ ആളുകൾക്ക് ജോലിയോടും അവധി ദിനങ്ങളോടും ഉള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കം. 100 കമ്പനികളിലെ 2,600 ജീവനക്കാർ എന്നത് യുകെയിൽ നിലവിൽ ജോലി ചെയ്യുന്ന ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തെ മാത്രമേ കാണിക്കുന്നുള്ളൂ. എന്നാൽ പോലും ഈ നാല് ദിവസം മാത്രം പ്രവൃത്തിദിനം എന്നത് മാറ്റത്തിന് വേണ്ടിയുള്ള ഒരു പുതിയ കാമ്പയിനിന്റെ തുടക്കമാവും എന്നാണ് കരുതുന്നത്.
ടെക്നോളജി, ഇവന്റ്സ്, മാർക്കറ്റിംഗ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ഓർഗനൈസേഷനുകളാണ് കൂടുതലായി നിലവിൽ ഈ മാറ്റം നടപ്പിൽ വരുത്തിയിരിക്കുന്നത്. എന്നാൽ, നിർമ്മാണ മേഖലയിലെ തൊഴിലാളികളും ഇതിന്റെ ഭാഗമാകുന്നു എന്നാണ് പറയുന്നത്. നാലുദിനം മാത്രം പ്രവൃത്തിദിനം എന്നതിനെ പിന്തുണയ്ക്കുന്നവർ പറയുന്നത് അഞ്ചും ആറും ദിവസം ജോലി ചെയ്യുക എന്നതൊക്കെ കാലഹരണപ്പെട്ട സംഗതിയാണ് എന്നാണ്.
നാല് ദിനം മാത്രം ജോലി ചെയ്യുമ്പോൾ ആളുകളിലെ പ്രൊഡക്ടിവിറ്റി കൂടുമെന്നും അഞ്ച് ദിവസം കൊണ്ട് ചെയ്യേണ്ട ജോലി നാല് ദിനം കൊണ്ട് ചെയ്യാൻ ജോലിക്കാർക്ക് സാധിക്കും എന്നും പറയുന്നു. ആദ്യമായി ഇതു നടപ്പിലാക്കിയ കമ്പനികൾ അത് സത്യമാണ് എന്നും വളരെ അധികം ഗുണപ്രദമാണ് എന്നുമാണ് പറയുന്നത്. 450 ജോലിക്കാരുള്ള Atom ബാങ്കും ആഗോള മാർക്കറ്റിംഗ് കമ്പനിയായ അവിനും നാലുദിനം മാത്രം പ്രവൃത്തി ദിനമെന്നത് നടപ്പിലാക്കാൻ പോകുന്ന കമ്പനികളാണ്.