പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടുന്ന ഭക്ഷണങ്ങൾ
- പപ്പായയും പപ്പായ ഇലയും:പഴുത്ത പപ്പായ കഴിക്കുന്നതു കൂടാതെ പപ്പായ ഇല കഷായം വച്ച് കുടിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന് കണ്ടു. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. പപ്പായ ഇല കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടാം.
- ഗോതമ്പുപുല്ല്:പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ വീറ്റ് ഗ്രാസ് അഥവാ ഗോതമ്പു പുല്ലിനു കഴിയും എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് യൂണിവേഴ്സൽ ഫാർമസി ആൻഡ് ലൈഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ അരുണരക്തകോശങ്ങൾ, ഹീമോഗ്ലാബിൻ, ശ്വേതരക്താണുക്കൾ ഇവയുടെ എണ്ണം കൂട്ടാനും ഗോതമ്പു പുല്ല് സഹായിക്കും. ക്ലോറോഫിൽ ധാരാളമായി അടങ്ങിയതും ഹീമോഗ്ലോബിന്റെ അതേ തന്മാത്രാ ഘടന ആയതുകൊണ്ടുമാണ് ഗോതമ്പു പുല്ലിന് ഈ ഗുണം ഉള്ളത്. അര കപ്പ് ഗോതമ്പു പുല്ല് ജ്യൂസിൽ ഏതാനും തുള്ളി ചെറുനാരങ്ങാ പിഴിഞ്ഞത് ചേർത്ത് ദിവസവും കുടിക്കാം.
- മാതളം:ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള കഴിവും ഉള്ള മാതളം പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കിൽ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം.
- മത്തങ്ങ:വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. അരഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.
- ജീവകം സി അടങ്ങിയ ഭക്ഷണം:ശക്തിയേറിയ നിരോക്സീകാരി ആയ ജീവകം സി ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടും. ഫ്രീറാഡിക്കലുകളുടെ നാശം തടയാതെ ഇത് സഹായിക്കും. ദിവസം 65 മുതൽ 90 മി. ഗ്രാം വരെ ജീവകം സി വേണം എന്നാണ് മയോക്ലിനിക്ക് നിർദേശിക്കുന്നത്. ഓറഞ്ച്, നാരങ്ങ, കാപ്സിക്കം, കിവി, പച്ചച്ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം കഴിക്കാം.
- ഇലക്കറികൾ:പച്ചച്ചീര, ഉലുവ തുടങ്ങി ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.
- നെല്ലിക്ക:രോഗപ്രതിരോധശക്തി വർധിപ്പിക്കാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചത്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം െവറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.