പയ്യന്നൂരിൽ ഫിഷറീസ് കോളജ്
വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യത്തെ കോളജാണ് പയ്യന്നൂരിലേത്. പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു. കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ റോഡിൽ ഫിഷറീസ് കോളജിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
നിലവിൽ അഞ്ച് വർഷത്തേക്ക് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കിയിട്ടുള്ളത്. 40 കുട്ടികളാണ് ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) കോഴ്സുള്ള പയ്യന്നൂർ കേന്ദ്രത്തിൽ ഇപ്പോൾ പഠിക്കുന്നത്. ഇതിൽ 20 ശതമാനം സീറ്റ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തതാണ്. ഏഴ് അസി. പ്രഫസർമാരെയും നിയമിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഒരുക്കി. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയവയാണ് സർവകലാശാലയുടെ പ്രധാന പഠനവിഷയങ്ങൾ. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച ഒരു കോടി ചെലവിൽ പയ്യന്നൂരിൽ കോളജ് പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം 12 ഏക്കർ ഭൂമി കണ്ടെത്തി സർവകലാശാലക്ക് കൈമാറിയിരുന്നു. പയ്യന്നൂരിൽ കൂടുതൽ കോഴ്സുകൾ കൊണ്ടുവരുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.