ചില കുട്ടി ടെക്‌നിക്കുകൾ
എന്റെ സെഷൻ ഞാൻ ആരംഭിച്ചത് കുട്ടികളോട് ഒരു ചോദ്യം ചോദിച്ചാണ്.. അതായത് കുഞ്ഞുന്നാളിൽ നമ്മൾ ഭക്ഷണം കഴിക്കാതെ വാശി പിടിക്കുമ്പോൾ നമ്മുടെ കുഞ്ഞുവയറ് നിറക്കാൻ മാതാപിതാക്കൾ എന്തൊക്കെ ടെക്നിക്കുകൾ ആണ് ഉപയോഗിച്ചിരുന്നത്? എന്നതായിരുന്നു ചോദ്യം.. കുട്ടികൾ വളരെ ആവേശത്തോടെ ആണ് ഈ ചോദ്യം സ്വീകരിച്ചത്.. കുട്ടിക്കാലത്തിലേക്കു ഉള്ള ഒരു മടക്കം അവരുടെ മുഖത്ത് ഒരുപാട് സന്തോഷം കൊണ്ടുവരുന്നത് എനിക്ക് കാണുവാൻ സാധിച്ചു…
കുട്ടികളുടെ ഉത്തരങ്ങൾ എന്നെയും നൊസ്റ്റു അടിപ്പിച്ചു എന്നതാണ് സത്യം.. അമ്പിളി മാമനെ പിടിച്ചു തരാം, പലഹാരം വാങ്ങി തരാം, പെരുന്നാളിന് ചെയ്യ ചെയ്യ പാടുന്ന ഫോൺ വാങ്ങി തരാം, ബസ് ഡ്രൈവർ ആയ മുത്തശ്ശന്റെ കൂടെ ബസിൽ കയറ്റാം തുടങ്ങി സ്നേഹവാഗ്ദാനങ്ങളുടെ പെരുമഴ തന്നെ കേൾക്കുവാൻ കഴിഞ്ഞു.. തുടർന്ന് പേടിയുടെ സമയമായിരുന്നു..
കൊക്കാച്ചി വന്നു നിന്നെ കടിക്കും, പിള്ളേരെ പിടുത്തക്കാർക്കു പിടിച്ചു കൊടുക്കും,ചോറുണ്ടില്ലേൽ ബുദ്ധി കൊറയും, മുട്ടൻ ആയില്ലേൽ സ്കൂളിൽ പോവാൻ പറ്റില്ല തുടങ്ങി കരുതലോടെ ഉള്ള പേടിപ്പെടുത്തലുകൾ…. പിന്നീട് അമ്മ അവരെയും കൂട്ടി വീടിനു പുറത്തേക്കിറങ്ങി.. പൂച്ചയെ കാണിച്ചു.. താറാവിനെ കാണിച്ചു.. കോഴി അമ്മയെയും കുഞ്ഞുങ്ങളെയും കാണിച്ചു.. അടുത്ത വീട്ടിലെ മല്ലിക ചേച്ചിയുടെ ആട്ടിൻ കുട്ടികളെ കാണിച്ചു…. എല്ലാറ്റിലും പ്രധാന കാര്യം അപ്പോഴെല്ലാം അവർ അമ്മയുടെ ഒക്കത്തു തന്നെ ആയിരുന്നു എന്നതാണ്…. ഈ സമയം എല്ലാം ഞാനും ആ ഓർമകളിൽ മുഴുകി ഇരിക്കുകയായിരുന്നു..
പിന്നീട് ഞാൻ അടുത്ത ചോദ്യം ചോദിച്ചു… ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഉപയോഗിക്കുന്ന ടെക്നിക് എന്തൊക്കെയാണ്?.. ഉടൻ ത്തന്നെ മറുപടി എത്തി, മൊബൈൽ ഫോൺ,യൂട്യൂബ്, ഡോറ ബുജി, കാട്ടിലെ കണ്ണൻ, കാർട്ടൂൺ അങ്ങനെ അങ്ങനെ…. കുട്ടികൾക്ക് ഞാൻ പറയാൻപോകുന്ന കാര്യത്തെപ്പറ്റി ഒരു ധാരണ ഉണ്ട് എന്ന് അതിൽ നിന്നും എനിക്ക് മനസിലായി… ഞാൻ ചോദിച്ചു മക്കളേ… ഇത്തരത്തിൽ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുന്നത് അത്ര നല്ലതാണോ.. അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു… അല്ല ശരിയല്ല.. എന്റെ പണി കുറച്ചൂടെ എളുപ്പമായി..
അവിടെ നിന്ന് ഞങ്ങൾ പോയത് ആദില മാം(Director of Lead IAS Learning Research Center) ചെയ്തു തന്ന പ്രേസന്റെഷനിലേക്കാണ്… “സ്ക്രീൻ ടൈം” എന്ന വിഷയം കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.. അവരുടെ സ്ക്രീൻ ടൈംമിന്റെ ദൈർഖ്യവും വ്യാപ്തിയും മനസിലാക്കി. അതോടൊപ്പം എന്തൊക്കെ കാര്യങ്ങൾക്കാണ് അവർ സ്ക്രീൻ ടൈം ഉപയോഗിക്കുന്നത് എന്നും ചോദിച്ചറിഞ്ഞു…അപ്പോൾ ഞാൻ തിരിച്ചറിഞ്ഞ കാര്യം ഇതാണ് കൂടുതൽ മക്കളും ആരോഗ്യകരമായ രീതിയിൽ സ്ക്രീൻ ടൈം ഉപയോഗിക്കുന്നവരാണ്…. മാതാപിതാക്കളുടെ വ്യക്തമായ ഒരു മേൽനോട്ടം ഇലക്ട്രോണിക് ഡിവൈസുകളുടെ കാര്യത്തിൽ ഉണ്ടാവുന്നുണ്ട് എന്ന് മനസിലായി..
അതുകൊണ്ട് തന്നെ കുട്ടികളിലേക്ക് അമിതമായി സ്ക്രീൻ ടൈം ഉപയോഗിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് എങ്ങനെ എത്തും എന്ന കാര്യത്തിൽ ഒരു ചെറിയ സംശയം ഉണ്ടായി.. പക്ഷെ പെട്ടന്ന് ഒരു ആശയം തോന്നി അത് നന്നായി ഫലിക്കുകയും ചെയ്തു… കുട്ടികൾക്ക് മുന്നിൽ ഞാൻ ഒരു സ്ക്രീൻ അഡിക്റ്റ് ആയി മാറി ( സാങ്കല്പികം ) അവരോട് പറഞ്ഞു മക്കളേ എനിക്ക് ഒരു വലിയ പ്രശ്നം ഉണ്ട് അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നത് മൂലം എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല, പഠനം പാതി വഴിയിൽ ആണ്, കൂട്ടുകാരുമായി ഇപ്പൊ ഒരു ബന്ധവും ഇല്ല, മാതാപിതാക്കളോട് സംസാരിക്കാൻ സമയം ഇല്ല, ഉറക്കം നഷ്ടപ്പെട്ടു, കണ്ണിനു തുടർച്ചയായി ആരോഗ്യ പ്രശ്നങ്ങൾ, തലവേദന ആണേൽ സഹിക്കാൻ പറ്റുന്നില്ല…. നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം.. ഈ ഒരു പ്രശ്നത്തിൽ നിന്ന് പുറത്തുവരാൻ എനിക്ക് നിങ്ങളുടെ സപ്പോർട്ട് വേണം… മെന്ററോഡ് സ്നേഹം ഉള്ള മക്കൾ എന്ന നിലയിൽ എന്നെ സഹായിക്കാൻ എന്തൊക്കെ ആശയങ്ങൾ ആണ് നിങ്ങൾക്ക് പറയാൻ ഉള്ളത്…
പിന്നീട് നടന്ന സെഷൻ എന്റെ മനസു നിറച്ചു.. എന്നെ നന്നാക്കാൻ മത്സരിച്ചു ആശയങ്ങൾ അവതരിപ്പിക്കുന്ന മക്കളേ എനിക്ക് കാണുവാൻ സാധിച്ചു… പെറ്റിനെ വാങ്ങിക്കുക, മീൻ കുഞ്ഞുങ്ങളെ വളർത്തുക, വായന പ്രോത്സാഹിപ്പിക്കുക, ടൈം ടേബിൾ സെറ്റ് ചെയ്തു പരിശ്രമിക്കുക, കൂട്ടുകാരുമൊത്ത് കളിക്കാൻ പോവുക (ഇത് പറഞ്ഞപ്പോൾ പണ്ട് റബർ തോട്ടങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന കാര്യങ്ങൾ ഓർത്തു) മാതാപിതാക്കളോട് സംസാരിക്കുക, എന്ത് സംശയങ്ങൾ ഉണ്ടായാലും ആദ്യം ഗൂഗിളിനോട് ചോദിക്കാതെ അമ്മയോടും അച്ഛനോടും ചോദിക്കുക അവർക്കു അറിയില്ലെങ്കിൽ മാത്രം സ്ക്രീനിലേക്ക് പോവുക, നമുക്ക് ഉള്ള കഴിവുകൾ വളർത്തുക, നാട്ടുകാർക്ക് പ്രശ്നം ഉണ്ടാവാത്ത രീതിയിൽ പാട്ടുകൾ പാടുക, നാട്ടിൽ നടക്കുന്ന പൊതു പരിപാടികൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവകളിൽ പങ്കെടുക്കുക,… തുടങ്ങി സാറിന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പർ തന്നാൽ ഇപ്പൊ തന്നെ വിളിച്ചു ശരിയാക്കാം എന്ന് പറഞ്ഞവർ വരെ ഉണ്ടായിരുന്നു…. സത്യത്തിൽ ഞാൻ അവരോട് പറയാൻ ഇരുന്ന എല്ലാ പോയിന്റ്റുകളും അവർ എന്നോട് പറഞ്ഞു തന്ന് എന്നെ നന്നാക്കി എടുക്കാൻ ശ്രമിച്ചു..
എനിക്കുറപ്പാണ് എന്നെങ്കിലും ഒരു നാൾ അവരോ, അവരുടെ ഒരു സുഹൃത്തോ സ്ക്രീനിന്റെ പിടിയിൽ പെട്ടാൽ സ്വയം സഹായിക്കാനും മറ്റുള്ളവരെ കൈപിടിച്ചു നടത്തുവാനും അവർക്കു സാധിക്കും….. വരാനിരിക്കുന്ന സെഷനുകളും ഇത്തരത്തിൽ കുട്ടികളിലൂടെ തന്നെ മുൻപോട്ടു കൊണ്ടുപോകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്…..