ഇന്ന് ലോക കാഴ്ച ദിനം
ഇന്ന് ലോക കാഴ്ച ദിനം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ നേത്രദിന സന്ദേശം. ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ, നേത്രദാനം എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഐ.എ.പി.ബി. (ദി ഇന്റർ നാഷണൽ ഏജൻസി ഫോർ ദി പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ്) ഏകോപിപ്പിക്കുകയും ചെയ്തു.
‘കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല’ എന്ന പഴഞ്ചൊല്ല് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്രപേര്‍ കണ്ണിന് കൃത്യമായ പരിപാലനം നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമാണ്. പണ്ട് കാലത്ത് പ്രായമാകുമ്പോഴാണ് കണ്ണട വയ്‌ക്കേണ്ടി വരുന്നതെങ്കില്‍ ഇന്ന് കൊച്ചു കുട്ടികള്‍ വരെ കണ്ണടകള്‍ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ നേത്ര ആരോഗ്യത്തിനും തുല്യപ്രാധാന്യമുണ്ട്. കൃത്യമായ പരിചരണത്തിലൂടെ കണ്ണിന്റെ കാഴ്ച ശക്തി കുറയാതെ നമുക്ക് നിലനിര്‍ത്താം.
പുതിയ തലമുറയെ ഏറ്റവും അലട്ടുന്ന ആരോഗ്യപ്രശ്‌നം കാഴ്ചശക്തിയാണ്. ഭൂരിഭാഗം പേരും മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ്. മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ നിരന്തരം ഉപയോഗിക്കുന്നത് കണ്ണിനെ പ്രതികൂലമായി ബാധിക്കും. കാഴ്ചക്കുറവ്, തലവേദന എന്നി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ഫോണുകള്‍ ഉപയോഗിക്കുന്ന ദൈര്‍ഘ്യം കുറയ്‌ക്കുകയോ, പ്രകാശം തടയുന്ന കണ്ണടകള്‍ ഉപയോഗിക്കുകയോ ചെയ്യുക.
നല്ല കാഴ്ചശക്തിക്ക് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ പരിപ്പ്, കാരറ്റ്, ഇലക്കറികള്‍, മുട്ട, സിട്രിസ് അടങ്ങിയ പഴങ്ങള്‍ എന്നിവ കഴിക്കുന്നത് ഉത്തമമാണ്. ധാരാളം വെള്ളം കുടിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.