ഇഎംഎസ് വിടപറഞ്ഞിട്ട് 25 വർഷം
ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന
ഇഎംഎസ് നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് 25 വർഷം. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനെന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു . ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവർത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച നേതാവ്. 1957ൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നപ്പോൾ സർക്കാരിനെ നയിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാട്. കുടിയാന്മാരെ ഒഴിപ്പിക്കലും പടിയിറക്കലും തടയുന്ന ഓർഡിനൻസ് ഇ.എം.എസ് സർക്കാരിന്റെ സംഭാവനയായിരുന്നു.
കേരളത്തിന്റെ ഭാവിയെത്തന്നെ നിർണയിച്ച ദീർഘവീക്ഷണമുള്ള ഒട്ടേറെ നടപടികൾ ഇ.എം.എസ് സർക്കാർ നടപ്പിലാക്കി. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ഇ.എം.എസ്സിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ സാഹചര്യത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള കൗശലവും ധിഷണാശക്തിയും ഒരുപോലെ പ്രകടിപ്പിച്ചു ഇ.എം.എസ്. ആറ് തവണ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു. ‘മാർക്സിസ്റ്റ് സംവാദത്തിന്റെ’ പത്രാധിപർ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഇ.എം.എസ് നൂറിലധികം പുസ്തകങ്ങൾ എഴുതി. ഇ.എം.എസ്സിന്റെ വിയോഗമുണ്ടാക്കിയ ശൂന്യത ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രകടമാണ്. വിശേഷിച്ച് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ.
1909 ജൂൺ 13-ന് (1084 ഇടവം 30) മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്നാണ് മുഴുവൻ പേര്. 1937 ഒക്ടോബർ 17-നു ആര്യ അന്തർജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഡോ.ഇ.എം.മാലതി, ഇ.എം. ശ്രീധരൻ, ഇ.എം.രാധ, ഇ.എം. ശശി എന്നിവർ മക്കളാണ്. 1998 മാർച്ച് 19-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.