ട്രെയിനിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു
പാലക്കാട് വാളയാറിൽ വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. 20 വയസ്സുള്ള പിടിയാനയുടെ ജഡം കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്ത് ഇന്നലെയാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വനംവകുപ്പ് ആനയുടെ ജഡം സംസ്കരിച്ചു. അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി.