ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ
പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബര്‍ 16-ന് കൈറ്റ് വിക്ടേഴ്സില്‍ ആരംഭിക്കുന്നു. 110 സ്കൂളുകളില്‍ ഇപ്പോള്‍ വീഡിയോ ഡോക്യുമെന്റേഷന് നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികള്‍ ഷൂട്ടിംഗിന്റെ ഭാഗമാകും. ഇത്രയും വിപുലമായ പങ്കാളിത്തമുള്ള റിയാലിറ്റിഷോകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണിത്. 2010-11, 2017-18 വര്‍ഷങ്ങളിലെ ഒന്നും രണ്ടും സീസണുകള്‍ അന്താരാഷ്ട്ര തലത്തില്‍ (യുനെസ്കോ, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഓണ്‍ലൈനില്‍ അപേക്ഷിച്ച 753 സ്കൂളുകളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം. പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസണ് 3-ല്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്.
ഹരിതവിദ്യാലയം ഒന്നാം സീസണിനു വേണ്ടി 2011-ല്‍ കേരളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പാണ് മുദ്രാഗാനത്തിന്റെ വരികള്‍ രചിച്ചത്. കോവിഡ് കാലത്ത് നമ്മെ വിട്ടുപോയ മലയാളത്തിന്റെ പ്രസിദ്ധനായ സംഗീത സംവിധായകന് ശ്രീ. ഐസക് തോമസ് കൊട്ടുകാപ്പിള്ളിയാണ് സംഗീതം നല്‍കിയത്. ‘മണ്‍തരിതൊട്ട് മഹാകാശം വരെ’ എന്നു തുടങ്ങുന്ന മുദ്രാഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരമാണ് ഇവിടെ പ്രകാശനം ചെയ്യുന്നത്. ശ്വേതാ മോഹനും വിജയ് യേശുദാസുമാണ് ഗായകര്‍. മൂന്നു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള മുദ്രാഗാനം നമ്മുടെ പൊതുവിദ്യാലയങ്ങിലെ പുതിയ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്കാരം കൂടിയാണ്. കൈറ്റിന് വേണ്ടി സി-ഡിറ്റാണ് മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കരണം നടത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ഏജന്‍സികള്‍ക്കും പുറമെ വിവിധ വകുപ്പുകളും ഈ വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കാളികളാവുന്നുണ്ട്.
ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ സ്പോണ്സര് ചെയ്തിരിക്കുന്നത് എസ്.സി.ഇ.ആര്.ടി.യും ആരോഗ്യ വകുപ്പിലെ നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായാണ്. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപയുടെ സ്പോണ്സര് പ്ലാനിംഗ് വകുപ്പിനു കീഴിലുള്ള K-DISC ആണ്. മൂന്നാം സമ്മാനമായ 10 ലക്ഷം എസ്.എസ്.കെ.യുമാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ അവസാന റൗണ്ടിലെത്തുന്ന മറ്റ് 7 സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം കൈറ്റ് നല്‍കും. ഒന്നാം റൗണ്ടിലെത്തിയ 110 സ്കൂളുകള്‍ക്കും 15,000/- രൂപ വീതം കൈറ്റ് നല്‍കും. സ്കൂള്‍തല ഷൂട്ടിനു ശേഷം റിയാലിറ്റിഷോയുടെ ഫ്ലോര്‍ ഷൂട്ട് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് നടക്കും. ഡിസംബര്‍ 16 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും. ഫസ്റ്റ്ബെല്‍ ക്ലാസുകളെപ്പോലെ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷോ ലഭ്യമായിരിക്കും. ഫെബ്രുവരി മാസത്തോടെ ഗ്രാന്റ്ഫിനാലെ നടത്താനാണ് പദ്ധതി ഇട്ടിട്ടുള്ളത്.