ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു.പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അസിഡിറ്റിയെ തടയാനും ഇവ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും. ചിലര്‍ വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അത്തരക്കാര്‍ക്ക് ഒരു പരിഹാരമെന്ന നിലയില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇതിന്‍റെ കഴിവാണ് വായയെ ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നത്.
അതുപോലെ തന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.