കഴുതപ്പാലിന് ലിറ്ററിന് 2,000രൂപ
കഴുതപ്പാലിന് ആവശ്യക്കാർ ഏറുകയാണ്. സൗന്ദര്യം കൂട്ടാനും നവജാത ശിശുക്കള്‍ക്കും കഴുതപ്പാല്‍ നല്ലതാണെന്ന പ്രചാരണമുണ്ടായതോടുകൂടിയാണ് കഴുതപ്പാലിന് ആവശ്യക്കാർ വര്‍ധിച്ചിരിക്കുന്നത്. ലിറ്ററിന് 2,000 രൂപയാണിപ്പോൾ ഈടാക്കുന്നത്. നവജാതശിശുക്കള്‍ക്കായുള്ള മരുന്നു നിര്‍മ്മാണത്തിനും ആസ്മ, ശ്വാസസംബന്ധിയായ മറ്റ് രോഗങ്ങള്‍ക്കും കഴുതപ്പാല്‍ ഗുണമാണെന്ന വിശ്വാസത്തിലാണ് എന്തു വില കൊടുത്തും പാല്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത്. ചെന്നൈയിൽ ചില ഓൺലൈൻ സ്ഥാപനങ്ങൾ കഴുതപ്പാൽ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നുണ്ട്. ലിറ്ററിന് 1,500 രൂപയാണിവർ ഈടാക്കുന്നത്.
കഴുതപ്പാലിന് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയുമുണ്ടെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിൻബലമൊന്നുമില്ലെന്ന് വിദഗ്ധർ പറയുന്നു. എരുമപ്പാലിലും പശുവിൽ പാലിലുമുള്ള പോഷകങ്ങൾ തന്നെയാണ് പ്രധാനമായും കഴുതപ്പാലിലുമുള്ളത്. തിളപ്പിക്കാത്ത പാൽ ഉപയോഗിക്കുന്നത് രോഗങ്ങൾ പിടിപെടാൻ കാരണമായേക്കുമെന്ന് ഡോക്ടർ മാർ പറയുന്നു. ഒരു കഴുതയിൽ നിന്നും അരലിറ്റർ മുതൽ പരമാവധി ഒന്നരലിറ്റർ വരെ പാലാണ് ലഭിക്കുക. തമിഴ് നാടിൽ കഴുതയെ വളർത്തുന്നവർ ആവശ്യക്കാരുടെ വീടുകളുടെ മുൻപിലെത്തി അപ്പപ്പോൾ കറന്നാണ് പാൽ നൽകുന്നത്. ഇത്, തിളപ്പിക്കാതെ കുട്ടികളുടെ വായിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. തമിഴ് നാടിനു പുറമെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിലും കഴുതപ്പാലിനു ആവശ്യക്കാരുണ്ട്.