വരുമാനത്തിൽ കുറവ്; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നിയും
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു.
മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. എന്നാൽ മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്.
ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം മെമ്മോയിൽ പറയുന്നു.