ഡിജിലോക്കര്‍ രേഖകള്‍ ഇനി ഗൂഗിള്‍ ആപ്പില്‍

 ഡിജിലോക്കര്‍ രേഖകള്‍ ഇനി ഗൂഗിള്‍ ആപ്പില്‍

രാജ്യത്ത് ഇനി സര്‍ക്കാര്‍ രേഖകള്‍ ഗൂഗിളിന്റെ ആപ്പ് വഴി ഉപയോഗിക്കാം. സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സ്റ്റോറേജ് സേവനമായ ഡിജിലോക്കറിനെ ഫയല്‍സ് ആപ്പുമായി സംയോജിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് സേവനം ലഭിക്കുക. കേന്ദ്ര ഐടിവകുപ്പിന് കീഴിലുള്ള നാഷണല്‍ ഇ ഗവേണന്‍സ് ഡിവിഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി ഈ സേവനം ലഭ്യമാക്കുക.

വാര്‍ഷിക പരിപാടിയിലാണ് ഗൂഗിള്‍ സഹകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ഡിജിലോക്കര്‍ സേവനം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വിവിധ രേഖകള്‍ സൂക്ഷിക്കുന്നതിനായുള്ള ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്‌ഫോമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഡിജിലോക്കറിനെ ഫയല്‍സ് ആപ്പുമായി സംയോജിപ്പിക്കുന്നത് മെച്ചപ്പെട്ട സേവനം സുരക്ഷിതമായ രീതിയില്‍ ലഭിക്കുന്നതിന് സഹായകമാകുമെന്ന് നാഷണല്‍ ഇ ഗവേണന്‍സ് ഡിവിഷന്‍ സിഇഒ അഭിഷേക് സിങ് പറഞ്ഞു.

യുണീക് ലോക്ക് സ്‌ക്രീന്‍ ഓതന്റിക്കേഷന്‍ സംവിധാനം വഴി മാത്രമേ ഫയല്‍സ് ആപ്പിലെ രേഖകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതിനാല്‍ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. പ്ലേ സ്റ്റോറില്‍ അഞ്ചു കോടിയില്‍പ്പരം ആളുകളാണ് ഇതുവരെ ഡിജിലോക്കര്‍ ഡൗണ്‍ലോഡ് ചെയ്തത്.