ഡയാന രാജ്ഞിയുടെ ഗൗണ്‍ ലേലത്തിന്

 ഡയാന രാജ്ഞിയുടെ ഗൗണ്‍ ലേലത്തിന്

ഡയാന രാജകുമാരി അണിഞ്ഞിരുന്ന വസ്ത്രം ലേലത്തിന്. 1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ആണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ജനുവരി 27-ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ്‌ വ്യക്തമാക്കി. ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് രാജകുമാരി 1997-ല്‍ 79-ഓളം വസ്ത്രങ്ങള്‍ സംഭാവന ചെയ്തിരുന്നു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡയാനയുടെ വസ്ത്രത്തിന് പുറമെ മറ്റു ശ്രദ്ധേയമായ വസ്തുക്കളും 27-ന് നടക്കുന്ന ലേലത്തിന്റെ ഭാഗമാകും. ഡയാന രാജകുമാരി ഒന്നിലധികം തവണ ധരിച്ചിട്ടുള്ള കുരിശിന്റെ ചിന്നമുള്ള ഒരു പെന്‍ഡന്റും ലേലത്തിന്റെ ഭാഗമായി വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആഭരണവ്യാപാരിയായിരുന്ന ജെറാഡായിരുന്നു പെന്‍ഡന്റ് രൂപകല്‍പന ചെയ്തത്.