റെയിൽവേസ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം
ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേർ ചേർന്ന് മൃതദേഹം റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീർത്തും അഴുകിയ നിലയിൽ ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനുകളിൽ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബർ രണ്ടാം ആഴ്ചയിലാണ് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിനാണ് യശ്വന്ത്പൂർ റെയിൽവേസ്റ്റേഷനിൽ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നാണ് ഈ മൃതദേഹം യശ്വന്ത്പൂരിലെത്തിച്ച് ഉപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നോ എന്ന കാര്യം ഇപ്പോൾ വ്യക്തമായി പറയാനാവില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം ഉപേക്ഷിക്കാനെത്തിയ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.