തിയറ്ററിൽ ഇനിമുതൽ ക്രൈങ് റൂം

 തിയറ്ററിൽ ഇനിമുതൽ ക്രൈങ് റൂം

കുഞ്ഞുങ്ങളുമായി തീയറ്ററിൽ എത്തുന്ന രക്ഷിതാക്കൾക്ക് സിനിമ ആസ്വദിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ് തിയറ്ററയിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപടാതെ കുട്ടികൾ അസ്വസ്ഥരാവുകയും തിയറ്റർ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തീയറ്റർ വിടേണ്ട ആവശ്യമില്ല. സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാ​ഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ക്രൈറൂം സജ്ജീകരിച്ചിട്ടുണ്ട്.

കെഎസ്എഫ്ഡിസി ക്രൈറൂമുകൾ കൂടുതൽ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ശബ്‌ദം പുറത്തേക്ക്‌ കേൾക്കാത്ത രീതിയിൽ നിർമ്മിച്ച ക്രൈറൂമിൽ, തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്‌. കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച കെഎസ്എഫ്ഡിസിക്ക് അഭിനന്ദനങ്ങൾ മന്ത്രി വി എൻ വാസവൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.