പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ പാർട്ടി അന്വേഷണം

 പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ പാർട്ടി അന്വേഷണം

സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി പരാതികളിൽ ഇന്ന് അന്വേഷണം തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൌരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

പി കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ശശിയുടെ ഡ്രൈവറുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടെന്ന ആരോപണത്തിലും തെളിവുകൾ ശേഖരിക്കും. ഒരു മാസത്തിനകം പുത്തലത്ത് ദിനേശൻ അന്വേഷണ റിപ്പോർട്ട് കൈമാറും. അതിന് ശേഷമാകും ഏതെങ്കിലും തരത്തിലുള്ള നടപടി വേണോ എന്ന് ആലോചിക്കുക.