വാട്സ്ആപ്പിലൂടെ മെസേജും ഫയലുകളും മാത്രമല്ല, പണം അയക്കാനും വളരെ എളുപ്പം
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും സുരക്ഷയും സൌകര്യവും വർധിപ്പിക്കാൻ വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. മെസേജുകളും മീഡിയകളും അയക്കാനായി നമ്മൾ ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഇപ്പോൾ പണവും അയക്കാം. വാട്സ്ആപ്പ് പേ എന്ന ഫീച്ചറാണ് ഇതിന് സഹായിക്കുന്നത്. വാട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് കുറച്ച് മാസങ്ങളായി എങ്കിലും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം മറ്റ് യുപിഐ ആപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.
വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. വാട്സ്ആപ്പ് മെസേജ് അയക്കുന്ന ലാഘവത്തിൽ തന്നെ, എന്നാൽ കൂടുതൽ സുരക്ഷിതമായി നമുക്ക് വാട്സ്ആപ്പ് പേയിലൂടെ പണം കൈമാറാൻ സാധിക്കും. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ പ്രവർത്തിക്കുന്ന യുപിഐയിൽ തന്നെയാണ് വാട്സ്ആപ്പിന്റെയും പ്രവർത്തനം. പേയ്മെന്റുകൾക്കായി പ്രത്യേകം ആപ്പ് ഫോണിൽ സൂക്ഷിക്കേണ്ടതില്ല എന്നതാണ് വാട്സ്ആപ്പ് പേയുടെ ഗുണം. ഇത് വാട്സ്ആപ്പ് ആപ്പിൽ തന്നെയുള്ള ഒരു ഫീച്ചറാണ്.
നിങ്ങൾ ഇതുവരെ വാട്സ്ആപ്പ് പേ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെങ്കിൽ, ആദ്യം യുപിഐ പേയ്മെന്റ് ഓപ്ഷൻ എനേബിൾ ചെയ്യേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിലെ മറ്റ് യുപിഐ പേയ്മെന്റ് സംവിധാനങ്ങളായ ഗൂഗിൾ പേ, ഫോൺപേ എന്നിവ ഉപയോഗിക്കുന്ന അതേ സുരക്ഷിതത്വത്തിൽ നിങ്ങൾക്ക് വാട്സ്ആപ്പ് പേയ്മെന്റും ഉപയോഗിക്കാവുന്നതാണ്.