ബജ്‌റംഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺഗ്രസ് പ്രകടന പത്രിക
ഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കർണാടകയിലെ കോൺഗ്രസ് പ്രകടന പത്രിക. പോപ്പുലർ ഫ്രണ്ട്, ബജ്‌റംഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ, കോൺഗ്രസിനെതിരെ ബജ്‌റംഗ്ദൾ രംഗത്തെത്തി. ചൊവ്വാഴ്ചയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്.
നിയമവും ഭരണഘടനയും പവിത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള സംഘടനകൾക്കും വ്യക്തികൾക്കും എതിരെ ഉറച്ച നടപടിയെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടന പത്രികയിൽ പറയുന്നു. ബസവരാജ് ബൊമ്മൈ സർക്കാർ അടുത്തിടെ ഇല്ലാതാക്കിയ മുസ്‌ലിംകൾക്കുള്ള 4% സംവരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം സംവരണം 50% ൽ നിന്ന് 75% ആയി ഉയർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പ്രകടനപത്രിക പറയുന്നു.