മുഖ്യമന്ത്രിക്ക് ഇന്ന് 78-ാം പിറന്നാൾ

 മുഖ്യമന്ത്രിക്ക് ഇന്ന് 78-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. തുടർഭരണത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇന്ന് രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സർക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പിറന്നാൾദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്.

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാർത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം.