ക്ലിയോപാട്രയുടെ ശവകുടീരം തിരഞ്ഞ് ഗവേഷണം; കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച

 ക്ലിയോപാട്രയുടെ ശവകുടീരം തിരഞ്ഞ് ഗവേഷണം; കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച

ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്.

തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റെ വാസ്തുവിദ്യാ രൂപകല്പന ഗ്രീസിലെ യുബിലിനോസ് തുരങ്കത്തിന്റെ രൂപകല്പനയുമായി ഏറെ സാമ്യമുള്ളതാണെന്നാണ് ഗവേഷണ സംഘം വ്യക്തമാക്കുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം മെഡിറ്ററേനയന്‍ കടലില്‍ മുങ്ങിയിരുന്നതായാണ് പ്രാഥമിക പരിശോധന വ്യക്തമാക്കുന്നത്.

ചതുരാകൃതിയിലുള്ള ചുണ്ണാമ്പുകല്ലിന് പുറമേ നിരവധി മണ്‍പാത്രങ്ങളും സെറാമിക് പാത്രങ്ങളും ചെളിയില്‍ പുതഞ്ഞ നിലയില്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് ഇവിടെ നടന്ന പര്യവേഷണ ഖനനത്തില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയും ക്ലിയോപാട്രയുടെയും പേരുകളും മുഖവും ആലേഖനം ചെയ്ത നാണയങ്ങളും ശിരസില്ലാത്ത പ്രതിമകളും ലഭിച്ചിരുന്നു.