സിവിൽ സർവീസസ് പരീക്ഷ അടിസ്ഥാനമാക്കി പൊതുമേഖലാസ്ഥാപനത്തിൽ നിയമനം

 സിവിൽ സർവീസസ് പരീക്ഷ അടിസ്ഥാനമാക്കി പൊതുമേഖലാസ്ഥാപനത്തിൽ നിയമനം

സിവിൽ സർവീസസ് മെയിൻ പരീക്ഷയെഴുതി ഇൻറർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് അഭിമുഖീകരിക്കുകയും സിവിൽ സർവീസസിന്റെ ഏതെങ്കിലും സർവീസിലേക്ക് ശുപാർശ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നവർക്ക് പൊതുമേഖലാസ്ഥാപനത്തിൽ തൊഴിലവസരം. കേന്ദ്രസർക്കാരിന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും സംയുക്തസംരംഭമായ, സത് ലജ് ജൽ വൈദ്യുത് നിഗം (എസ്.ജെ.വി.എൻ.) ആണ് 2023 സിവിൽ സർവീസസ് മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ അവസരമൊരുക്കുന്നത്. ഫീൽഡ് എൻജിനിയർ (സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ), ഫീൽഡ് ഓഫീസർ (എച്ച്.ആർ./എഫ് ആൻഡ് എ) എന്നീ തസ്തികകളിലേക്കായിരിക്കും റിക്രൂട്ട്മെന്റ്.

യു.പി.എസ്.സി. 2023-ലെ പരീക്ഷാകലണ്ടർ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, 2023-ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം 2023 ഫെബ്രുവരി ഒന്നിന് www.upsc.gov.in-ൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷനൽകേണ്ട അവസാനതീയതി ഫെബ്രുവരി 21 ആണ്. പരീക്ഷ മേയ് 28-നും. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള അഞ്ചുദിവസം നീണ്ടുനിൽക്കുന്ന, സിവിൽ സർവീസസ് മെയിൻ പരീക്ഷ 2023 സെപ്‌റ്റംബർ 15-ന് തുടങ്ങും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും സർവീസിലേക്ക് ശുപാർശ ചെയ്യപ്പെടാതിരിക്കുന്നവരുടെ ഡേറ്റാബേസായിരിക്കും എസ്.ജെ.വി.എൻ., അവരുടെ റിക്രൂട്ട്മെൻറിനായി ഉപയോഗിക്കുക.

എസ്.ജെ.വി.എൻ. തസ്തികകളിലേക്ക് താത്പര്യമുള്ളവർ സിവിൽ സർവീസസ് അന്തിമ അലോട്മെൻറ് കഴിഞ്ഞ്, യു.പി.എസ്.സി., സിവിൽ സർവീസസ് അപേക്ഷാർഥികളുടെ സ്കോർ പ്രസിദ്ധപ്പെടുത്തുകയും എസ്‌.ജെ.വി.എൻ. വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ sjvn.nic.in വഴി അപേക്ഷിക്കണം. അതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ, 2024 ഫെബ്രുവരി/മാർച്ച് മാസത്തിൽ പ്രതീക്ഷിക്കാം.