70 വര്‍ഷത്തിന് ശേഷം ബ്രിട്ടനിൽ കിരീടധാരണം
ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകള്‍ തുടങ്ങി. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്ര വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലെത്തി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്‍റെ നേതൃത്വത്തില്‍ ചടങ്ങ് അഞ്ച് ഘട്ടങ്ങളായി. ലോകത്തുനിന്നാകെ ക്ഷണിക്കപ്പെട്ട നാലായിരം അതിഥികള്‍ ചടങ്ങിന് സാക്ഷിയായി. 70 വര്‍ഷത്തിന് ശേഷം ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയും പുതിയ രാജാവിനെ വാഴിക്കാന്‍ ഒരുങ്ങി. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ചാള്‍സും കമീലയും ഘോഷയാത്രയായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് അടക്കം ക്ഷണിക്കപ്പെട്ട നാലായിരത്തോളം അതിഥികള്‍ നേരത്തെ ഇവിടെ സന്നിഹിതരായി. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി, ചാള്‍സിനെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും രാജാവായി പ്രഖ്യാപിക്കുകയും ചെയ്യും.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ കൂടിയായ പരമാധികാരിയുടെ ആത്മീയപദവിയും ചാള്‍സിന് നല്‍കും. നാലാംഘട്ടത്തില്‍ സെന്റ് എഡ്വാര്‍ഡിന്റെ കിരീടവും ചെങ്കോലും ആര്‍ച്ച്ബിഷപ് രാജാവിനെ ധരിപ്പിക്കും. ഈ സമയം ലണ്ടന്‍ ടവറില്‍ 62 റൗണ്ട് വെടിമുഴങ്ങും. ബ്രിട്ടന് പുറത്തുള്ള 11 ഇടങ്ങളിലും ആചാരവെടി മുഴങ്ങും. ചടങ്ങിന്റെ അവസാനഘട്ടത്തിലാണ് രാജാവ് സിംഹാസനം ഏറ്റെടുക്കുക. രാജ കുടുംബാംഗങ്ങള്‍ രാജാവിന് മുന്നില്‍ മുട്ടുകുത്തി കൂറുപ്രഖ്യാപിക്കുന്ന ചടങ്ങാണ് പിന്നീട്. ഇത്തവണ മകന്‍ വില്ല്യം മാത്രമായിരിക്കും ഇത്തരത്തില്‍ കൂറ് പ്രഖ്യാപിക്കുക. കിരീടധാരണ ചടങ്ങുകള്‍ക്കുശേഷം രാജാവിനെയും രാജ്ഞിയയെും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് ആനയിക്കും. കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജാവും രാജ്ഞിയും കുടുംബാംഗങ്ങളും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് സമാപനമാകും.