ട്രെയിനിലെ തീവെപ്പ് കേസ്; പ്രതി പിടിയിൽ
എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. ഷഹറുഖ് സെയ്ഫി എന്ന ആളെയാണ് പോലീസ് പിടിച്ചത്. പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം. ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്നഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും. രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നും ഇയാളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു.