വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര

 വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര

തൃശൂർ നഗരത്തെ വർണാഭമാക്കി ബോൺ നതാലെ ഘോഷയാത്ര. തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ പതിനായിരത്തിലധികം പാപ്പാമാരാണ് അണി നിരന്നത്. സ്വരാജ് റൗണ്ടിനെ നിറച്ചാർത്തിലാറാടിച്ച് ബോൺ നതാലെ ഘോഷയാത്ര. ചുവന്ന പാപ്പാ വേഷത്തിൽ പതിനായിരത്തിലധികം പേരാണ് സ്വരാജ് റൗണ്ടിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്തത്.

ആയിരത്തോളം മാലാഖമാരും സ്‌കേറ്റിംഗ്, ബൈക്ക്, വീൽ ചെയർ പാപ്പാമാരും ഘോഷയാത്രയിൽ അണിയായി. മുന്നൂറോളം യുവാക്കൾ ചേർന്നുയർത്തിയ ചലിക്കുന്ന കൂറ്റൻ ക്രിസ്മസ് കൂടായിരുന്നു ഇത്തവണത്തെ പ്രത്യേകത. കേരളത്തനിമ വിളിച്ചോതുന്ന 12 നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രക്ക് മിഴിവായി.

വൈകീട്ട് അഞ്ച് മണിയോടെയാണ് സെന്റ് തോമസ് കോളേജിൽ നിന്ന് ഘോഷയാത്ര തുടങ്ങിയത്. കേന്ദ്രമന്ത്രി ജോൺ ബെറാല മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ രാജൻ, എംപി ടിഎൻ പ്രതാപൻ, മുൻ മന്ത്രി സുനിൽ കുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഘോഷയാത്രയിൽ അണി നിരന്നു.