കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. 2022-23ലെ സാമ്പത്തിക സർവേ ഇന്ന് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗം അവസാനിപ്പിച്ച് അരമണിക്കൂറിനുശേഷം സർക്കാർ കാര്യങ്ങളുടെ ഇടപാടുകൾക്കായി രാജ്യസഭയുടെ പ്രത്യേക സമ്മേളനം ഉണ്ടാകും. സെഷന്റെ ആദ്യ ഭാഗത്തിൽ രാഷ്ട്രപതി പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും കാണും. ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.
രണ്ട് സെഷനുകളായാണ് സമ്മേളനം നടക്കുക. ആദ്യഭാഗം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 13 ന് സമാപിക്കും. രണ്ടാം ഭാഗം മാർച്ച് 13 ന് തുടങ്ങി ഏപ്രിൽ 6 ന് സമാപിക്കും. ബജറ്റ് സമ്മേളനത്തിൽ സർക്കാർ അതിന്റെ നിയമനിർമ്മാണ അജണ്ടയും അവതരിപ്പിക്കും. സർക്കാർ രേഖകൾ പ്രകാരം നിലവിൽ 26 ബില്ലുകൾ രാജ്യസഭയിലും ഒമ്പത് ബില്ലുകൾ ലോക്സഭയിലും കെട്ടിക്കിടക്കുകയാണ്.