ആള്‍മാറാട്ട കേസില്‍ ബിട്ടി മൊഹന്തി ഇന്ന് കോടതിയില്‍ ഹാജരാകും

 ആള്‍മാറാട്ട കേസില്‍ ബിട്ടി മൊഹന്തി ഇന്ന് കോടതിയില്‍ ഹാജരാകും

ആള്‍മാറാട്ട കേസില്‍ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും. ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ 2006 ല്‍ പരോളില്‍ ഇറങ്ങി മുങ്ങിയ ഒഡീഷ മുന്‍ ഡിജിപി ബി.ബി മൊഹന്തിയുടെ മകന്‍ ബിട്ടി മൊഹന്തി കേരളത്തിലെത്തി ബാങ്ക് ജോലി ചെയ്യവേയാണ് പിടിയിലായത്.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജര്‍മജന്‍ യുവതിയെ രാജസ്ഥാനില്‍ വച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ 2006ല്‍ പുറത്തിറങ്ങി മുങ്ങി. 2013 മാര്‍ചച്ച് 9ന് വ്യാജ രേഖ കേസില്‍ പഴയങ്ങാടി പൊലീസിന്റെ പിടിയിലായി ബിട്ടി മൊഹന്തി. കണ്ണൂരിലെത്തിയ ബിട്ടി കണ്ണൂര്‍ സര്‍വകലാശാലയില്‍ ചേരുകയും എംബിഎ ബിരുദമെടുക്കുകയും ചെയ്തു. തുടര്‍ന്ന് എസ്ബിടിയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. ആറുവര്‍ഷത്തിലധികം കണ്ണൂരില്‍ താമസിച്ചുവന്ന ബിട്ടിയെ പക്ഷേ 2013ല്‍ പഴയങ്ങാടി പൊലീസ് തിരിച്ചറിഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിട്ടിക്കെതിരെ പഴയങ്ങാടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.