ബിഗ് ബസ്സുകൾ പുനരാരംഭിച്ചു
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മുടങ്ങിക്കിടക്കുകയായിരുന്ന ബിഗ് ബസ് സർവിസുകൾ പുനരാരംഭിച്ചു. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ സർവിസ്. 2012ൽ ആരംഭിച്ച ബിഗ് സർവിസ് കോവിഡ് പ്രതിസന്ധി കാരണമാണ് നിർത്തിവെച്ചത്. മസ്കറ്റ് മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബസ് സർവിസ്. രണ്ട് തട്ടുകളുള്ള ബസിന്റെ മുകൾ ഭാഗത്തിരിക്കുന്നവർക്ക് നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സർവിസ് വൈകീട്ട് അഞ്ച് വരെയുണ്ടാവും. ഓരോ അരമണിക്കൂറിനിടയിലും സർവിസ് ഉണ്ടാവും. ടിക്കറ്റെടുക്കുന്നവർക്ക് ആവശ്യമുള്ള സ്റ്റോപ്പുകളിൽ ഇറങ്ങി സ്ഥലങ്ങൾ സന്ദർശിക്കാനും തങ്ങളുടെ സൗകര്യമനുസരിച്ച് പിന്നീട് വരുന്ന ബസുകൾ അടുത്ത പോയൻറിലേക്ക് പോവാനും അനുവാദമുണ്ടായിരിക്കും. ഒരു ദിവസത്തെ യാത്ര, രണ്ട് ദിവസത്തെ യാത്ര എന്നീ പാക്കേജുകളാണുള്ളത്. മത്ര സൂഖിൽ നിന്നാണ് ബസ് സർവിസ് ആരംഭിക്കുക. റൂവി വഴി പോവുന്ന ബസ് ഖുറം കണ്ടൽ കാടുകൾ, റോയൽ ഒപേര ഹൗസ്, ഖുറം നാച്വറൽ പാർക്, ക്ലോക്ക് ടവർ, വാച്ച് ടവർ, അൽ അഹ്ലാം കൊട്ടാരം, മത്ര തുറമുഖം, പാർലമെൻറ് കെട്ടിടം, സെഹാർ പോർട്ട്, ജലാൽ കോട്ട, ഓൾഡ് ക്വാർട്ടർ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ ഒമാനിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. കൂടുതൽ തണുപ്പും ചൂടുമില്ലാത്ത സുഖകരമായ കാലാവസ്ഥയാണിപ്പോൾ ഒമാനിൽ അനുഭവപ്പെടുന്നത്. മസ്കറ്റ് മേഖലയിൽ 26 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മസ്കറ്റ് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് പോയൻറുകൾ പ്രയാസമില്ലാതെ കാണാൻ കഴിയുന്നതിനാൽ ഈ സർവിസിന് സ്വീകാര്യത വർധിക്കുന്നുണ്ട്.