ബിസിസിഐ പ്രസിഡന്റ് ; റോജർ ബിന്നി
മുൻ ലോകകപ്പ് ജേതാവും ഓൾറൗണ്ടറുമായ റോജർ ബിന്നിയെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് ഒക്ടോബർ 18 ചൊവ്വാഴ്‌ച നടന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ വച്ചാണ് റോജർ ബിന്നിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
1979നും 1987നും ഇടയിൽ ഇന്ത്യക്കായി 27 ടെസ്‌റ്റുകളും 72 ഏകദിനങ്ങളും കളിച്ചിട്ടുള്ള ബിന്നി വർഷങ്ങളായി കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2019 മുതൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അദ്ദേഹം. മുമ്പ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ദേശീയ സെലക്‌ടറായും ബിന്നി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1983ൽ കപിൽ ദേവിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിലെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു ബിന്നി. ടൂർണമെന്റിൽ 8 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.