ബെംഗളൂരു വിമാനത്താവളത്തിന് പുതിയ മുഖം
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം. ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ 2 നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാകും. പ്രതിവര്‍ഷം 5- 6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയില്‍ നിന്ന് 2.5 കോടിയുടെ വര്‍ധനയാണ് കണക്കാക്കുന്നത്. കൂടാതെ ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇരട്ടിയാകുന്നതോടെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി അധികം കാത്തിരിക്കേണ്ടി വരില്ല.
പൂന്തോട്ട നഗരമായ ബെംഗളൂരുവിനുള്ള ആദരമെന്ന നിലയിലാണ് ടെര്‍മിനല്‍ 2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് പൂന്തോട്ടത്തിലൂടെ നടക്കുന്ന ഒരു അനുഭവം ഇത് ഉറപ്പാക്കുന്നുണ്ട്. 10,000+ ചതുരശ്ര മീറ്റര്‍ നിറയെ പച്ചപ്പ് നിറഞ്ഞ ഭിത്തികള്‍, ഹാങ്ങിങ് ഗാര്ഡന്, ഔട്ട് ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഇവയെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ്. 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ചാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.