ബദാം പാലിന്റെ ഗുണങ്ങൾ

 ബദാം പാലിന്റെ ഗുണങ്ങൾ

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ തന്നെ, പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും ബദാം സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബദാം നല്ലതാണ്.

ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണം ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നതാണ്. മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ വിലയേറിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്. കാര്‍ബോഹൈട്രേറ്റ് ഒട്ടും തന്നെയില്ലാത്ത ഒന്നാണ് ബദാം മില്‍ക്ക്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

ദിവസവും ബദാം പാല്‍ കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.