ആറ്റുകാല്‍ പൊങ്കാല: സുരക്ഷയൊരുക്കാൻ 3300 പൊലീസുകാർ

 ആറ്റുകാല്‍ പൊങ്കാല: സുരക്ഷയൊരുക്കാൻ 3300 പൊലീസുകാർ

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും. 27 മുതല്‍ കെഎസ്ആര്‍ടിസി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും. കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളിലായി 4500 ഓളം തെരുവുവിളക്കുകള്‍ കെഎസ്ഇബി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കും.