പാക്കിസ്ഥാന് ആതിഥേയത്വം നഷ്ടമാകുമെന്ന് ഉറപ്പായി
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കേണ്ടഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണെമന്റ് ആതിഥേയത്വം പാക്കിസ്ഥാന് നഷ്ടമാകുമെന്ന് ഉറപ്പായി. പാക്കിസ്ഥാനിലാണെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെ വിഷയത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടു.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ യുഎഇയിലേക്ക് മാറ്റമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പുതിയ സാഹചര്യത്തില്‍ ശ്രീലങ്ക ആതിഥേയരാകുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്റെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനില്‍ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദികളില്‍ നടത്തുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡല്‍ നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും ഇതും ഇന്ത്യ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ടൂര്‍ണമെന്റ് മുഴുവനായും മറ്റൊരു രാജ്യത്തേക്ക് മാറ്റുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.