ആശ മാളവ്യ തലസ്ഥാനത്ത്

 ആശ മാളവ്യ തലസ്ഥാനത്ത്

സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരത പര്യടനത്തിനിറങ്ങിയ ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. 20,000 കി.മീറ്റര്‍ ആണ് ആശ സൈക്കിളില്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്‍റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നവംബര്‍ ഒന്നിന് ഭോപ്പാലില്‍ നിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് ഇവര്‍ കേരളത്തിലെത്തിയത്.