വികാരാധീനനായി ആന്റണി
മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനെതിരെയും പോരാടും.
മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരണിഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. കൂറ് ഗാന്ധി കുടുംബത്തോടാണ്. 82 വയസ്സായി. ഇനി ജീവിതം എത്രകാലം ഉണ്ടാകും എന്നറിയില്ല. എത്രയായാലും അവസാനം ശ്വാസംവരെ താൻ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനിലിന്റെ കാര്യത്തിൽ ഇനി ഒരു ചർച്ചക്കും താനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.