അൽ നിയാദി ബഹിരാകാശനിലയത്തിൽ
യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്. 12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. അതിനിടെ, ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ എന്ന റെക്കോഡും സ്വന്തം പേരിലാക്കാൻ അദ്ദേഹത്തിനു കഴിയും.
ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന നിലയത്തിലെ കമാൻഡറായ റഷ്യൻ ബഹിരാകാശയാത്രികൻ സെർജി പ്രൊകോപിയേവ് സ്പേസ് എക്സ് ക്രൂ സംഘത്തെ സ്വാഗതംചെയ്ത് സ്വീകരിച്ചു. തുടർന്ന് അറബിയിലും ഇംഗ്ലീഷിലുമായി സംസാരിച്ച അൽ നിയാദി തന്റെ ദൗത്യത്തിൽ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ചു.
അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിൽ അൽ നിയാദിയും സംഘവും പറന്നുയർന്നത്. ദീർഘകാല ബഹിരാകാശദൗത്യം ആരംഭിച്ച ആദ്യ അറബ് വംശജൻ എന്ന റെക്കോഡാണ് ഇതിലൂടെ 42കാരനായ അദ്ദേഹത്തിന് സ്വന്തമായത്. നേരത്തേ ഫെബ്രുവരി 27 തിങ്കളാഴ്ച നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക തകരാൻ കാരണം അവസാന നിമിഷം മാറ്റുകയും വ്യാഴാഴ്ചത്തേക്ക് പുതുക്കി നിശ്ചയിക്കുകയുമായിരുന്നു. ബഹിരാകാശ നിലയത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ യു.എ.ഇ പൗരനും നാലാമത്തെ അറബ് പൗരനുമാണ് അൽ നിയാദി. 2019ൽ ഹസ്സ അൽ മൻസൂരി എട്ടു ദിവസത്തെ ദൗത്യം പൂർത്തിയാക്കിയതാണ് യു.എ.ഇയുടെ ആദ്യ ദൗത്യം.